English| മലയാളം

ആലപ്പുഴ നഗരസഭയ്ക്ക് കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്

       നിര്‍മലഭവനം-നിര്‍മല നഗരം പദ്ധതിയിലൂടെ നടപ്പാക്കിയ ഊര്‍ജ്ജ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ആലപ്പുഴ നഗരസഭയ്ക്ക് സര്‍ക്കാരിന്റെ ഊര്‍ജ സംരക്ഷണ അവാര്‍ഡ്. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുള്ള വിഭാഗത്തില്‍ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡാണിത്. സംസ്ഥാനതല ജഡ്ജിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ദേശീയ ഊര്‍ജസംരക്ഷണദിനമായ ഡിസംബര്‍ 14ന് കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച്നടന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദില്‍ നിന്ന് ബഹു. ചെയര്‍ പേഴ്സണ്‍ അവാര്‍ഡ് സ്വീകരിച്ചു.

 

     "നിര്‍മലഭവനം-നിര്‍മലനഗരം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭ ജൈവമാലിന്യം ഇന്ധനമായി മാറ്റുന്നതുവഴി പ്രതിവര്‍ഷം 71,000 കിലോഗ്രാം എല്‍പിജിക്ക് സമാനമായ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മാലിന്യം സര്‍വോദയപുരത്തെ ഡമ്പിങ് യൂണിറ്റിലേക്ക് കയറ്റി അയക്കുന്നത് അവസാനിപ്പിച്ചതോടെ ചരക്ക് കടത്ത് ഇനത്തില്‍ പ്രതിവര്‍ഷം 11712 ലിറ്റര്‍ ഡീസലും നഗരസഭയ്ക്ക് ലാഭമായി. 1164 ബയോഗ്യാസ് പ്ലാന്റുകളാണ് മാര്‍ച്ച് വരെ നഗരത്തിലെ വീടുകളില്‍ സ്ഥാപിച്ചത്. പ്രോജക്ട് ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ പ്രതിവര്‍ഷം 1,67,076 കിലോഗ്രാം എല്‍പിജിക്ക് സമാനമായ ബയോഗ്യാസ് ലഭ്യമാകും. 6857 ടണ്‍ ഖരമാലിന്യവും 6357 ടണ്‍ ദ്രവമാലിന്യവും ബയോഗ്യാസ് പ്ലാന്റുകളും മറ്റും വഴി സംസ്കരിക്കപ്പെടും. നഗരത്തിലെ തെരുവ്വിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച് കെഎസ്ഇബിക്ക് പണം കൈമാറിയിട്ടുണ്ട്. തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡിയിലേക്ക് മാറ്റുന്ന ആദ്യ നഗരസഭയായി ആലപ്പുഴ നഗരസഭ മാറും. പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ആലപ്പുഴ നഗരസഭ പ്രതിവര്‍ഷം 2,06,2170 യൂണിറ്റ് വൈദ്യുതി ലാഭിക്കും. ഇതും അവാര്‍ഡിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്.ഊര്‍ജ സംരക്ഷണപദ്ധതികള്‍ക്കും മാലിന്യ ഉറവിട സംസ്കരണത്തിനും ഡോ. ടി എം തോമസ് ഐസക് എംഎല്‍എ നല്‍കുന്ന ക്രിയാത്മക നേതൃത്വം ആലപ്പുഴ നഗരസഭയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ പ്രധാനഘടകമായി. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, ആലപ്പുഴ നഗരസഭ നടത്തുന്ന മാലിന്യ സംസ്കരണശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജം പകരുമെന്ന് നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ പറഞ്ഞു.